കാസർഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ ചെലവിലേക്കാണ് ഡിവൈഎഫ്ഐ ഫണ്ട് സ്വരൂപിക്കുന്നത്.
എല്ലിന് അർബുദം ബാധിച്ച അതുൽ ഇപ്പോൽ കോഴിക്കോട് എംവിആർ കാൻസർ സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അതുൽ.
കഴിഞ്ഞ ഒരാഴ്‌ചയായി കൊല്ലാട, കമ്പല്ലൂർ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും മുൻകൂട്ടി ഓർഡർ സ്വീകരിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ ബിരിയാണി തയ്യാറാക്കി എത്തിച്ചു നൽകിയത്. 1500ലേറെ ബിരിയാണിയാണ് ഇവർ വിറ്റത്. ഇതിന്റെ ലാഭം പൂർണമായും അതുലിന്റെ ചികിത്സാ ചെലവിലേക്കു നൽകുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
Malabar News: സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍
എൻവി ശിവദാസ്, കെകെദിപിൻ, പിവി ദീപക്, ശ്രീരാജ്, കെവി രൂപേഷ്, ആമീർ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അതുലിന്റെ ചികിത്സക്കായി കൊല്ലാടയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചും ഫണ്ട് ശേഖരിക്കുന്നുണ്ട്. എസ്ബിഐ കടുമേനി ശാഖയിൽ 39657684031 നമ്പർ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐ എഫ് എസ് സി കോഡ്: SBIN0070595.







































