തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക് ആണ് എസ്‌ഐക്കെതിരെ പരസ്യഭീഷണിയുമായി രംഗത്തെത്തിയത്. തെരുവ് പട്ടിയെ പോലെ തല്ലി കൈയും കാലുമൊടിക്കുമെന്നാണ് ഭീഷണി. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെ ഉടലെടുത്ത സംഘർഷത്തിന്റെ തുടർച്ചയായാണ് നേതാവിന്റെ ഭീഷണി.
പോലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ഇന്നും ചാലക്കുടിയിൽ പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് ഭീഷണി മുഴക്കിയത്. ‘ഈ പട്ടിയോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തെരുവുപട്ടിയെ തല്ലുന്നത് പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങൾ തല്ലും. പറയുന്ന സംഘടന എസ്എഫ്ഐ ആണ്. അതിന് ഞങ്ങൾക്ക് ആരുടെയും അകമ്പടി വേണ്ട. അതിപ്പോൾ ചെയ്‌ത് കണ്ണൂര് കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്ക് പുല്ലാണ്’- എന്നായിരുന്നു അസഭ്യവർഷത്തോടെയുള്ള ഭീഷണി.
ഇതിനിടെ, പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ ഇടപെട്ടു മോചിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് നിതിൻ പുല്ലനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് കസ്‌റ്റഡിയിൽ എടുത്തത്. പോലീസ് ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ നാല് പേർ കസ്‌റ്റഡിയിൽ ആയിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഇന്നലെ നിതിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഐടിഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പോലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പോലീസുകാർ ജീപ്പിലിരിക്കെയാണ് പ്രവർത്തകർ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി