ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡണ്ടും സിപിഐ നേതാവുമായ കനയ്യ കുമാറും ആർഡിഎഎം എംഎൽഎ ജിഗ്നേഷ് മേവാനിയും സെപ്റ്റംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ (ഐഎൻസി) ചേരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്തു. ഈ വിഷയം ചർച്ച ചെയ്യാൻ കനയ്യ കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
“കനയ്യ കുമാർ ബിഹാറിലെ പാർടിയുടെ ഒരു പ്രധാന യുവ മുഖമായി പ്രവർത്തിക്കും, കൂടാതെ ഒരു ദേശീയ പങ്ക് വഹിക്കാനുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട് ചെയ്തു. ബിജെപിക്ക് എതിരെ ദേശീയതലത്തിൽ ഒരു ചെറുത്തുനിൽപ്പ് കോൺഗ്രസ് ആസൂത്രണം ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി, സ്വാധീനമുള്ള യുവാക്കളെ കണ്ടെത്തി രാഹുൽ ഗാന്ധി ഈ യുവ നേതാക്കളുടെ ഒരു ടീമിനെ തയ്യാറാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ നേടിയ കനത്ത വോട്ട് അടിത്തറയെ തകർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
അതേസമയം, 2016ൽ ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ കനയ്യ കുമാറിനെ പാർടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് ചില കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നു.
കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കനയ്യ കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്ത് വന്നിരുന്നു. ബിഹാര്‍ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും രാജ മുന്പോട്ട് വച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാർടിയില്‍ കനയ്യയെ പിടിച്ചു നിര്‍ത്തണമെന്ന ആവശ്യം ബിഹാര്‍ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല. അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യക്ക് വേണ്ടി വാദിച്ചത്.
Most Read: വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്





































