കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിലുണ്ടായ അഗ്‌നി ബാധയിൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരുന്നത് അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ കൊണ്ട്. ഗൾഫ് ലൂബ്രിക്കന്റ്‌സ് ഓയിൽ വിതരണം ചെയ്യുന്ന എബിആർ മാർക്കറ്റിങ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്‌ച തീപിടുത്തം ഉണ്ടായത്.
അർധരാത്രി 12 മണിയോടെയാണ് നരിക്കുനി ഫയർ സ്‌റ്റേഷനിൽ വിവരം കിട്ടുന്നത്. ഉടൻ സ്‌റ്റേഷൻ ഓഫിസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സ്‌ഥലത്തെത്തി. വെള്ളിമാടുകുന്നിൽ നിന്നു രണ്ടും ബീച്ചിൽനിന്ന് ഒരു യൂണിറ്റും ഫയർഫോഴ്‌സ് എത്തിയിരുന്നു. അഗ്‌നിരക്ഷാസേന എത്തിയ സമയത്ത് തീപ്പിടിത്തമുണ്ടായ ഗോഡൗണിന്റെ പുറത്തേക്ക് തീ ഉയരുകയായിരുന്നു.
തൊട്ടടുത്തുതന്നെ ഐഒസിയുടെ പെട്രോൾ പമ്പ്, ഗോഡൗണിന്റെ അനുബന്ധകെട്ടിടം, വീടുകൾ എന്നിവയുണ്ട്. സമയോചിതമായി ഇടപെട്ട ഫയർ ഫോഴ്‌സ് സംഘം പൂട്ടുപൊളിച്ച് ഷട്ടർ തുറക്കുകയും വെള്ളമടിച്ചും അക്വാ ഫിലിം ഫോം ഉപയോഗിച്ചും തീയണക്കുകയും ചെയ്‌തു. മൂന്നു മണിക്കൂർ എടുത്താണ് തീ പൂർണമായും അണച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓയിലുകൾ, മറ്റ് ഓട്ടോമൊബൈൽ ലൂബ്രിക്കന്റ്‌സുകൾ, ഫിൽറ്ററുകൾ, ഓയിൽ ഫിൽറ്റർ, അണ്ടർ ചേസ് പാർട്‌സുകൾ ഉൾപ്പെടെ സ്‌പെയർ പാർട്‌സുകളും ഗോഡൗണിൽ ഉണ്ടായിരുന്നു. ബ്രാൻഡഡ് കമ്പനിയുടെ ഗുണനിലവാരമുള്ള ഓയിലുകളും സ്‌പെയറുകളും മറ്റുമാണ് കത്തി നശിച്ചത്.
Most Read: കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി



































