ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും, മകൻ ആശിഷ് മിശ്രക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സംയുക്‌ത കിസാൻ മോർച്ച അഞ്ചിന സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കർഷക സംഘടനകൾ.
ഒക്‌ടോബർ 12ആം തീയതി ലഖിംപൂര്‍ ഖേരിയിൽ പ്രതിഷേധ പരിപാടി നടത്താനും, കർഷക രക്‌തസാക്ഷിത്വ ദിനമായി ആചരിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ 15ആം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിക്കാനും, 18ന് രാജ്യവ്യാപക റെയിൽ ഉപരോധവും, 26ന് ലക്‌നൗവിൽ മഹാപഞ്ചായത്തും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു ഇന്നലെ ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എന്നാൽ കർഷകർക്കിടയിലേക്ക് വാഹനം കയറ്റിയതിൽ തനിക്ക് പങ്കില്ലെന്ന് ചോദ്യം ചെയ്യലിൽ ആവർത്തിക്കുകയാണ് ആശിഷ് മിശ്ര. മാദ്ധ്യമങ്ങളെ ഒഴിവാക്കി പിൻവാതിലിലൂടെയാണ് ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.
Read also: പൊന്നാനിയിലെ അച്ചടക്ക നടപടി; സിപിഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകരുടെ മാർച്ച്





































