കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം നടന്ന് ഒന്നര വർഷം തികയുന്നതിന് മുൻപേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നൽകാൻ പഴുതടച്ച അന്വേഷണം നടത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് ആറിനാണ് ഉത്ര തന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നത്. അതിന് മുന്‍പ് സൂരജിന്റെ വീട്ടില്‍ വച്ച് ഏപ്രില്‍ മാസത്തില്‍ ഉത്രക്ക് അണലിയുടെ കടിയേറ്റെങ്കിലും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതോടെ രക്ഷപെടുകയായിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ പാമ്പ് കടിയേറ്റതിൽ സംശയം തോന്നിയതോടെ ഉത്രയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ കൊലപാതകം ആയിരുന്നു ഉത്രയുടെ മരണമെന്ന് തെളിഞ്ഞത്. പാമ്പ് പിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് സൂരജ് രണ്ട് തവണയും പാമ്പിനെ വാങ്ങിയത്.
മെയ് 24നാണ് സൂരജിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിന്റെ വിചാരണക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു.
Most Read: കൽക്കരി ക്ഷാമം; മൂന്ന് താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടിയെന്ന് പഞ്ചാബ്








































