പാലക്കാട്: വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിച്ച് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. 5 വർഷത്തോളമായുള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിലെ പ്രതിഷേധമാണ് ‘സ്നേഹപൂർവം മന്ത്രിക്ക്’ എന്ന പേരിൽ എഴുതിയിരിക്കുന്ന ഗാനത്തിൽ.
‘ടിപ്പുവിന്റെ പടയോട്ടം കണ്ടൊരു റോഡിത്…
ടിപ്പറുപോലും പോകാത്തൊരു ഗതിയിന്ന്…’; എന്നിങ്ങനെയാണ് പാട്ടിലെ വരികൾ
സമരങ്ങളും പരാതികളും നൽകിയിട്ടും പരിഹാരം ആവാത്തതിനെ തുടർന്നാണ് വേറിട്ടൊരു പ്രതിഷേധം നടത്തിയതെന്ന് ഇബ്രാഹിം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പ്രശ്നപരിഹാരം കാണണമെന്നാണ് പാട്ടിലൂടെ ആവശ്യപ്പെടുന്നത്.
കഴിഞ്ഞദിവസം എഴുതി തയ്യാറാക്കിയ പാട്ട് വെള്ളിയാഴ്ച റെക്കോഡ് ചെയ്ത് സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചു. പാട്ടിലൂടെ പ്രതിഷേധിച്ച വിവരം ഒറ്റപ്പാലത്തുനിന്നും ചളവറയിൽനിന്നും മന്ത്രിക്ക് അയച്ചു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനങ്ങനടി മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗമാണ് ഇബ്രാഹിം.
2019ൽ 20 കോടിയോളം രൂപ അനുവദിച്ച് ആരംഭിച്ച പാതയുടെ പ്രവൃത്തി ഇനിയും പൂർത്തിയാക്കാനായിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവൃത്തി നടത്തിയെങ്കിലും പാതിവഴിയിൽ നിലച്ചു. പിന്നീട് കേരള റോഡ് ഫണ്ട് ബോർഡ് ഈ പ്രവൃത്തി ഏറ്റെടുത്തെങ്കിലും ഇപ്പോഴും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.
Most Read: പേരാവൂരിലെ ചിട്ടിതട്ടിപ്പ്; സമരം താൽകാലികമായി അവസാനിപ്പിച്ച് നിക്ഷേപകർ








































