ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡാമൻ ഗാൽഗട്ടിന് ഈ വർഷത്തെ ബുക്കർ പുരസ്കാരം. ‘ദി പ്രോമിസ്‘ എന്ന നോവലാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബുക്കർ പ്രൈസ് നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമൻ ഗാൽഗട്ട്. മുൻപ് രണ്ടുതവണ ഇദ്ദേഹം ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയിൽ ഇടം നേടിയിരുന്നു.
ശ്രീലങ്കൻ എഴുത്തുകാരനായ അനക്ക് അരുദ് പ്രഗാശം ഉൾപ്പടെ അഞ്ചുപേരെ പിന്തള്ളിയാണ് ഡാമൻ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് നേടിയത്. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവലിൽ പറയുന്നത്.
വർണവിവേചന കാലഘട്ടത്തിന്റെ അവസാനം മുതൽ ജേക്കബ് സുമയുടെ ഭരണകാലം വരെയുള്ള നാല് പതിറ്റാണ്ടുകളിലൂടെയാണ് നോവലിന്റെ കാലസഞ്ചാരം. ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങൾ ഡാമൻ ഗാൽഗട്ട് നോവലിലൂടെ തുറന്നുകാട്ടുന്നു.
17ആം വയസിലാണ് ഡാമൻ തന്റെ ആദ്യ നോവലായ എ സിൻലെസ്സ് സീസൺ (1982) പ്രസിദ്ധീകരിക്കുന്നത്. ആറുവയസുള്ളപ്പോൾ അർബുദ രോഗം കണ്ടെത്തിയത് മുതൽ ഒരു പോരാട്ടത്തിലായിരുന്നു ഡാമൻ. അടുത്ത പുസ്തകമായ സ്മോൾ സർക്കിൾ ഓഫ് ബീയിംഗ്സ് (1988) എന്ന ചെറുകഥകളുടെ സമാഹാരത്തിൽ അർബുദവുമായുള്ള തന്റെ ജീവിതം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി കിടക്കയിൽ കിടന്നാണ് അദ്ദേഹം കഥകളോട് കൂട്ടുകൂടിയത്.
ദ ബ്യൂട്ടിഫുൾ സ്ക്രീമിംഗ് ഓഫ് പിഗ്സ് (1991) ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സാഹിത്യ അവാർഡായ സിഎൻഎ സമ്മാനം നേടി. ദി ക്വാറി (1995) ഒരു ഫീച്ചർ ഫിലിമായി 1998ൽ പുറത്തിറങ്ങി. രണ്ടാമത്തെ ഫീച്ചർ ഫിലിം പതിപ്പ് 2020ലും പുറത്തിറങ്ങിയിരുന്നു.
2003ൽ പുറത്തിറങ്ങിയ ‘ദി ഗുഡ് ഡോക്ടർ’ എന്ന ബുക്കിലൂടെയാണ് ഡാമൻ കൂടുതൽ വായനക്കാരിലേക്ക് എത്തിയത്. ഇത് 2003ൽ ബുക്കർ പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ മികച്ച പുസ്തകത്തിനുള്ള കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസും നേടി. അദ്ദേഹത്തിന്റെ ‘ഇൻ എ സ്ട്രേഞ്ച് റൂം’ എന്ന നോവലും 2010ലെ ഫിക്ഷനുള്ള ബുക്കർ പ്രൈസിനായി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്
Also Read: കോവാക്സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ