കോഴിക്കോട്: ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോഴിക്കോട് തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. പിടികൂടിയ വ്യാജ മദ്യം ശരീരത്തിന് ഹാനികരമാണെന്നും കമ്മീഷണർ പറഞ്ഞു. ഇതോടെ തുഷാർ ബാർ എക്സൈസ് അടച്ചുപൂട്ടി. സംഭവത്തിൽ രണ്ട് പേർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്.
ഇന്നലെ വൈകിട്ടോടെ എക്സൈസ് അസി. കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐയുടെയും അസി.എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് തുഷാര ബാറിൽ പരിശോധന നടത്തിയത്. ബാറിലെ മദ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിന് പകരം ലൈസൻസ് ഇല്ലാത്ത മറ്റൊരു ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോടഞ്ചേരി സ്വദേശിനിയായ റോസ്ലിൻ, മാത്യു എന്നിവരുടെ പേരിലാണ് ബാറിന്റെ ലൈസൻസ്. എന്നാൽ, ഇവർക്ക് വ്യാജ മദ്യ വിൽപനയുമായി ബന്ധമില്ലെന്നും ബാറിലെ ജീവനക്കരാണ് സംഭവത്തിന് പിന്നിലെന്നും എക്സൈസ് പറയുന്നു.
വലിയ പ്ളാസ്റ്റിക്ക് കന്നാസുകളിലും ചെറിയ കുപ്പികളിലുമാണ് മദ്യം ശേഖരിച്ച് വെച്ചിരുന്നത്. വില കുറഞ്ഞ ജവാൻ പോലുള്ള ബ്രാൻഡുകളുടെ കുപ്പികളിലാക്കിയാണ് ഇവ വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ ബാർ മാനേജർ സജിത്ത്, ജനറൽ മാനേജർ ജെറി മാത്യു, ഓപ്പറേഷൻ മാനേജർ സുരേന്ദ്രൻ എന്നിവരാണ് പ്രതികൾ. ഇവരിൽ ജെറി മാത്യു ഒഴികെ മറ്റ് രണ്ടു പ്രതികളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ സജിത്താണ് വ്യാജ മദ്യം എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്.
പാലക്കാടുള്ള ഇയാളുടെ സുഹൃത്തുക്കൾ വഴിയാണ് വ്യാജമദ്യം നിർമിക്കുന്ന സംഘത്തെ പരിചയപെട്ടതെന്ന് സജിത്ത് എക്സൈസിൽ മൊഴി നൽകിയിട്ടുണ്ട്. വിതരണം ചെയ്യാൻ എത്തിച്ചിരുന്നതിൽ കുറച്ച് മദ്യം മാത്രമേ വിറ്റിരുന്നുള്ളുവെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ, കൂടുതൽ വിറ്റിരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് എക്സൈസ് അധികൃതർ കരുതുന്നത്. വരും ദിവസങ്ങളിലും ബാറുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരാനാണ് എക്സൈസിന്റെ തീരുമാനം.
Most Read: ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി





































