കോഴിക്കോട്: വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പരാതി വ്യാജമാണെന്ന് വ്യക്‌തമായതോടെയാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വനിതാ എസ്‌ഐ നാലുമാസമായിട്ട് വീടിന്റെ വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയായ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്താനായി സിഐ സുഗുണവല്ലിയെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തുടർന്ന് നാല് ദിവസത്തിന് ശേഷം പന്നിയങ്കര സ്‌റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്റെ കൈയിൽ കയറി പിടിച്ചതായി പരാതി നൽകി. തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70,000 രൂപയും ചേർത്ത് ഒരുലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും കാണിച്ചായിരുന്നു പരാതി നൽകിയത്.
തുടർന്ന് പന്നിയങ്കര പോലീസ് വീട്ടുടമയുടെ മരുമകനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശ്ശിക ചോദിച്ചതിലുള്ള വൈരാഗ്യമാണ് വ്യാജ പീഡന പരാതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി കമ്മീഷണർ നിർദ്ദേശം നൽകിയത്. ഫറോഖ് അസി. കമ്മീഷണർ എംഎം സിദ്ദിഖിനാണ് അന്വേഷണ ചുമതല. സുഗുണവല്ലി സബ് ഇൻസ്‌പെക്‌ടർ പദവി ദുരൂപയോഗം ചെയ്‌ത് പല ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read: ഗുജറാത്ത് തീരത്തെ വെടിവെപ്പ്; പാകിസ്‌ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ




































