കോഴിക്കോട്: ജില്ലയിലെ കുറ്റിച്ചിറയിൽ നിന്ന് 8,9,12 വയസുള്ള മൂന്ന് കുട്ടികളെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ചക്കുംകടവ് നായ്‌പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ ജയേഷ് വിവാദമായ സുന്ദരിയമ്മ കൊലക്കേസിൽ പോലീസ് ആദ്യം പ്രതിചേർക്കുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്‌ത ആളാണ്.
ഒക്‌ടോബർ 26ന് ആണ് ഇയാൾ കുറ്റിച്ചിറയിൽ നിന്ന് കുട്ടികളെ തട്ടികൊണ്ടുപോയത്. ട്യൂഷൻ ക്ളാസിലേക്ക് പോയ കുട്ടികളെ ഇയാൾ വളർത്ത് മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞ് കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിൽ രണ്ട് കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് ഓടിപ്പോവുകയും പത്ത് വയസുകാരനെ ഇയാൾ നിർത്തിയിട്ട ഗുഡ്‌സ് വണ്ടിയിൽ കയറ്റുകയുമായിരുന്നു.
തുടർന്ന് ഒരു കാർ വരുമെന്നും അതിൽ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാമെന്നും പറഞ്ഞതോടെ കുട്ടി പേടിച്ച് ഗുഡ്‌സിൽ നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇന്നലെ രാത്രി മുഖദാറിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
2012 ജൂലൈ 12ന് നടന്ന സുന്ദരിയമ്മ കൊലക്കേസിൽ ക്രൈം ബ്രാഞ്ചാണ് ജയേഷിനെ പ്രതിചേർത്തതും തുടർന്ന് ജയിലിലേക്കയച്ചതും. എന്നാൽ, ഒന്നരക്കൊല്ലത്തിന് ശേഷം ജയേഷിനെ കോടതി വെറുതെ വിടുകയായിരുന്നു. ക്രൈം ബ്രാഞ്ച് തെളിവുകൾ കെട്ടിച്ചമച്ചാണ് ജയേഷിനെ പ്രതിയാക്കിയതെന്ന് കോടതിയിൽ അഭിഭാഷകൻ തെളിയിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
Most Read: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം വിവാദങ്ങൾക്ക് ഒടുവിൽ





































