തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പ്രധാനമായും വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം തുടരുന്നതിനാലാണ് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ ഇറക്കുമതി കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പച്ചക്കറിയുടെ വില ഉയർന്നത്.
രണ്ട് ദിവസം മുൻപ് 40 രൂപയായിരുന്ന ഒരു കിലോ തക്കാളിയുടെ വില ഇപ്പോൾ 60 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ മുരിങ്ങക്കയുടെ വില 90 രൂപയായും ഉരുളക്കിഴങ്ങിന് 35 രൂപയായും, പാവക്കയുടെ വില 45 രൂപയായും ഉയർന്നു.
കേരളത്തിലെ വിപണിയിൽ നിലവിൽ പച്ചക്കറി ലഭ്യത സാരമായി കുറഞ്ഞിട്ടുണ്ട്. ഇത് വലിയ രീതിയിലാണ് ഉപഭോക്‌താക്കളെയും കച്ചവടക്കാരെയും ബാധിക്കുന്നത്. വരാനിരിക്കുന്നത് മണ്ഡലകാലമായതിനാൽ വില ഇനിയും കൂടിയേക്കുമെന്നാണ് വ്യാപാരികൾ വ്യക്‌തമാക്കുന്നത്.
Read also: ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു







































