ചെന്നൈ: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്‌തമായ മഴ നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെ നേരിടാൻ വൻ ഒരുക്കമാണ് ചെന്നൈ കോർപറേഷൻ നടത്തുന്നത്.
ചെന്നൈ കോർപറേഷനിൽ വാർ റൂം സജ്‌ജീകരിച്ചു. ഇവിടെ ഉദ്യോഗസ്‌ഥർ ജില്ലയിലെ സ്‌ഥിതി നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. ചെന്നൈയിൽ കഴിഞ്ഞ ആഴ്‌ച വെള്ളപ്പൊക്കം ഉണ്ടായ സ്‌ഥലങ്ങളിലെല്ലാം മുൻകൂട്ടി മോട്ടറുകൾ സ്‌ഥാപിച്ചു. 500 മോട്ടറുകളാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌ഥാപിച്ചിരിക്കുന്നത്. പ്രധാന കലുങ്കുകളെല്ലാം വൃത്തിയാക്കി ഒഴുക്കിന് തടസമുണ്ടാകില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. മാലിന്യം വന്നടിഞ്ഞ് കലുങ്കുകൾ അടഞ്ഞതാണ് കഴിഞ്ഞ ആഴ്‌ച വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് കോർപറേഷൻ വിലയിരുത്തിയിരുന്നു.
അതേസമയം, തേനി ജില്ലയിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ കളക്‌ടർ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
Also Read: നമ്പർ 18 ഹോട്ടലിൽ നടന്നത് റേവ് പാർട്ടിയോ? ദുരൂഹതയ്‌ക്ക് ഉത്തരം തേടി എക്‌സൈസ്






































