കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസിൽ അന്വേഷണം ശക്‌തമാക്കി എക്‌സൈസും. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിന് നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് എക്‌സൈസിന്റെ അന്വേഷണം. എക്‌സൈസിനെ ഭയന്നാണ് ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയതെന്നായിരുന്നു റോയിയുടെ മൊഴി.
ഹോട്ടലിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നിട്ടില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ, ഹോട്ടലിൽ എല്ലാ വാരാന്ത്യങ്ങളിലും ഡിജെ പാർട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാർട്ടിയായി മാറുന്നുണ്ടെന്നും എക്‌സൈസ് ഇന്റലിജൻസിൽ നിന്ന് വിവരമുണ്ടായിരുന്നു.
ഏപ്രിലിൽ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ നടത്തിയ റെയ്‌ഡിൽ കാര്യമായി ലഹരി വസ്‌തുക്കൾ പിടികൂടാതിരുന്നതിനാൽ റെയ്‌ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്‌സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസൻസ് നവംബർ രണ്ടിന് തന്നെ റദ്ദ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു കേസ് കൂടി വന്നാൽ ലൈസൻസ് എന്നന്നേക്കുമായി നഷ്‌ടമാകുമെന്ന് കരുതിയാണ് സിസിടിവി ദൃശ്യങ്ങൾ മാറ്റിയതെന്നാണ് ഹോട്ടലുടമ റോയിയുടെ വിശദീകരണം.
ഈ മൊഴി ഉദ്യോഗസ്‌ഥർ വിശ്വാസ്യത്തിൽ എടുത്തിട്ടില്ല. അപകടം നടന്ന നവംബർ ഒന്നിന് മുൻപ് ഇവിടെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ പാർട്ടി നടന്നതായും വിവരമുണ്ട്. അങ്ങനെയൊരു അന്വേഷണത്തിലേക്ക് കടക്കാതിരിക്കാൻ പോലീസിന് മേലുദ്യോഗസ്‌ഥരിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, എക്സൈസ് കമ്മീഷണർ തന്നെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ ശക്‌തമായ അന്വേഷണത്തിന് എക്‌സൈസിന് തടസമില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട് നൽകാൻ മട്ടാഞ്ചേരി റേഞ്ച് ഇൻസ്‌പെക്‌ടറെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേസിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ ഹോട്ടലുടമയെയും ജീവനക്കാരെയും പാലാരിവട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയായിരുന്നു അറസ്‌റ്റ്. ഡിജെ പാർട്ടി കഴിഞ്ഞിറങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടതെന്ന് അറിഞ്ഞതോടെ പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നു. ഉടമ റോയിയുടെ നിർദ്ദേശപ്രകാരം ഇത് മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി.
കാറിനെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജു റോയിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും കണ്ടെത്തി. ചൊവ്വാഴ്‌ച ഡിവിആറുമായി റോയി ഹാജരായി. എന്നാൽ മാറ്റിയ ഒരു ഡിവിആർ മാത്രമാണ് എത്തിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിലെ ഡിവിആറുമായി ബുധനാഴ്‌ച ഹാജരാകാൻ നിർദ്ദേശം നൽകി റോയിയെ വിട്ടയച്ചു. ബുധനാഴ്‌ചയും റോയി ഡിവിആർ ഇല്ലാതെയാണ് എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി.
ഹോട്ടലിൽ റോയിയുമായി എത്തിയ പോലീസ് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്‌തു. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
Also Read: ‘കിഫ്ബിക്കെതിരല്ല, അഴിമതിയും കൊള്ളയും ചർച്ച ചെയ്യണം’; ചെന്നിത്തല