മലപ്പുറം: തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിന്റെ മകൻ അജ്നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം. തറക്കൽ എയുപി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയാണ് അജ്നാസ്.
ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നവഴിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് ഹെൽമറ്റ് ധരിച്ച രണ്ടുപേർ ബൈക്കിൽ പിന്നാലെ എത്തിയത്. തുടർന്ന് മിഠായി വാങ്ങാനാണെന്ന് പറഞ്ഞ് 500 രൂപയുടെ നോട്ട് ഇവർ വിദ്യാർഥിക്ക് നേരെ നീട്ടി. എന്നാൽ, അജ്നാസ് ആ പണം വാങ്ങിയില്ല. ഇതോടെ ബലമായി പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചപ്പോൾ അജ്നാസ് കുതറിയോടി രക്ഷപെടുകയായിരുന്നു.
പിതാവ് അനീസ് നൽകിയ പരാതിയിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന് നമ്പർ പ്ളേറ്റ് ഉണ്ടയിരുന്നില്ലെന്ന് അജ്നാസ് പോലീസിനോട് പറഞ്ഞു. അതേസമയം, സംഭവം നടക്കുന്നതിന്റെ തലേദിവസവും അജ്നാസിനേയും കൂട്ടുകാരനും അജ്ഞാതർ പിന്തുടർന്നതായി കുട്ടി മൊഴി നൽകി. ഒരാഴ്ച മുൻപ് കരുവാരക്കുണ്ടിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്.
Most Read: മാക്കൂട്ടം ചുരത്തിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു





































