മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്. ഈ മാസം 16ന് എടക്കര കാറ്റാടിയിൽ എം സാന്റ യൂണിറ്റിൽ നിർത്തിയിട്ട ജെസിബിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്‌ച വഴിക്കടവ് മുണ്ടയിലെ ഷെഡിൽ നിർത്തിയ ജെസിബിയിൽ നിന്നും ബാറ്ററികൾ മോഷ്‌ടിച്ചിരുന്നു. കൂടാതെ മുണ്ടയിൽ നിർത്തിയിട്ട ലോറിയുടെ ചില ഭാഗങ്ങളും അടുത്തിടെ മോഷണം നടത്തിയിരുന്നു.
സംഭവത്തിൽ വാഹന ഉടമകൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ആക്രിക്കടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വഴിക്കടവ് സ്വദേശിനിയായ യുവതിയോടൊപ്പമാണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളിൽ ബാറ്ററികൾ വിൽപന നടത്തിയത്. പ്രതി രണ്ട് വർഷം മുൻപ് തിരുവനന്തപുരം പാറശാലയിൽ സ്‌പിരിറ്റ് കടത്തിയ കേസിലും, കഴിഞ്ഞ കോവിഡ് ലോക്ക്‌ഡൗൺ കാലത്ത് കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്‌ടിച്ചതിനും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കുറ്റ്യാടിയിൽ നിന്ന് മോഷ്‌ടിച്ച ബസുമായി യുവാവ് ജില്ലകൾ താണ്ടി കോട്ടയം വരെ എത്തിയത് കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. സമ്പൂർണ ലോക്ക്‌ഡൗൺ തുടങ്ങിയ മെയിലായിരുന്നു സംഭവം. കുറ്റ്യാടി സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് കുറ്റ്യാടിയിൽ നിന്ന് 250ൽ കൂടുതൽ കിലോമീറ്റർ സഞ്ചരിച്ച് നാല് ജില്ലകൾ കടന്ന് കോട്ടയം കുമരകം വരെ എത്തിയിരുന്നു. കുമരകം പോലീസ് അതിർത്തിയായ കവനാട്ടിൻ കരയിലെ പോലീസ് ചെക്ക്‌പോസ്‌റ്റിലെ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
Most Read: കാലുപിടിക്കൽ വിവാദം; വിദ്യാർഥിയുടെ പരാതിയിൽ നടപടിയില്ല- പ്രതിഷേധവുമായി എംഎസ്എഫ്





































