
മലപ്പുറം: സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ അവർ വളയം പിടിച്ചു. ആ ജീവകാരുണ്യ പ്രവർത്തിയിൽ നാട്ടുകാരും പങ്കാളികൾ ആയപ്പോൾ സമാഹരിക്കാനായത് ആറര ലക്ഷം രൂപ. എട്ടു ബസുകൾ ചേർന്നാണ് ഒറ്റദിവസം കൊണ്ട് ആറര ലക്ഷം രൂപ സ്വരൂപിച്ചത്.
പക്ഷേ, ഈ തുക പോര… രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഒരു കോടി 30 ലക്ഷം രൂപവേണം. അതിനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.
കരുവാരക്കുണ്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ചീരത്തടത്തിൽ നജ്മുദ്ദീന്റെ മക്കളായ ഇഷാ നൗറിൻ (11), ഒന്നരവയസുകാരി ഇവാന എന്നിവർക്കു വേണ്ടിയാണ് സ്വകാര്യ ബസുകൾ ഓടിയത്. ഇഷയുടെ വൃക്കയും കരളും മാറ്റിവെക്കണം. ഇവാനയുടെയും കരൾ മാറ്റിവെക്കണം. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിൽസയിലാണ് ഈ സഹോദരിമാർ.
കാളികാവ് -കരുവാരക്കുണ്ട് റൂട്ടിൽ ഓടുന്ന എട്ടു ബസുകളാണ് ഒരുദിവസത്തെ കളക്ഷൻ തുക സഹോദരിമാരുടെ ചികിൽസാ ചിലവിലേക്ക് മാറ്റിവെച്ചത്. ടിക്കറ്റുകൾ മാറ്റിവെച്ചു കണ്ടക്ടർമാരും ചികിൽസാ സഹായസമിതി ഭാരവാഹികളും യാത്രക്കാർക്കു മുന്നിലേക്ക് ബക്കറ്റു നീട്ടി. പലരും അകമഴിഞ്ഞ് സഹായിച്ചു.
കയ്യിൽ പണം കരുതാത്തവർ ഓൺലൈനായി അയച്ചു. വൈകിട്ടായപ്പോൾ എട്ട് ബസുകളിൽ നിന്ന് ലഭിച്ച സംഭാവന 6,43,472 രൂപയായി. കുട്ടികളുടെ പിതാവായ നജ്മുദ്ദീൻ ഓടിക്കുന്ന ‘ബിസ്മില്ല’ ബസിൽ നിന്നാണ് കൂടുതൽ പണം കിട്ടിയത്, 1,46,700 രൂപ. സൂപ്പർ ജെറ്റ്- 1,39,879, കുരിക്കൾ- 88,450, സേഫ്റ്റി- 86,333, തസ്നീം- 69,700, മക്ക- 44,430, എയ്ഞ്ചൽ- 34,600, യാത്ര- 33,660 എന്നിങ്ങനെയാണ് മറ്റു ബസുകളിൽ നിന്നു കിട്ടിയ തുക.
ധനശേഖരണത്തിന് കരുവാരക്കുണ്ട് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് നവാസ് പൂവിൽ, സെക്രട്ടറി ഷഫീഖ് പുഴയ്ക്കൽ, സുരേഷ് കുമാർ തുവ്വൂർ, സത്താർ തുവ്വൂർ, ശ്രീജീൻ കിളിക്കുന്ന്, റയീസ് കിളിക്കുന്ന്, ബസ് ഓണേഴ്സ് യൂണിറ്റ് പ്രസിഡണ്ട് റൗഫ് കരുവാരക്കുണ്ട് തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളെ സഹായിക്കാൻ ഫെഡറൽ ബാങ്ക് കരുവാരക്കുണ്ട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16300200002471, ഐഎഫ്എസ്സി: FDRL0001630.
Most Read: ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ