വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ‘സ്റ്റേജ് ക്യാരേജ്’ ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്സ്മെന്റ് ആർടിഒ അനൂപ് വർക്കിയുടെ നിർദ്ദേശപ്രകാരം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
ബാങ്ക് ചെക്ക് നൽകി ഇൻഷുറൻസ് പുതുക്കിയാണ് ഇവർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ, ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും ഇൻഷുറൻസ് കമ്പനിക്ക് പണം ലഭിക്കാതെ വന്നതോടെ ഇൻഷുറൻസ് പരിരക്ഷ കമ്പനി അധികൃതർ റദ്ദാക്കിയിരുന്നു. ഇത്തരത്തിൽ അസാധുവായ സർട്ടിഫിക്കറ്റുമായിട്ടായിരുന്നു ബസ് സർവീസ് നടത്തിയിരുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിവി വിനീത്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്.
നേരത്തേ, ജില്ലയിൽ കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക ഈടാക്കി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കൽപ്പറ്റ ടൗണിൽ വെച്ച് പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൽപ്പറ്റയിലേക്ക് സര്‍വീസ് നടത്തിയ ‘ഇരഞ്ഞിക്കോത്ത്’ എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Most Read: കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്








































