റിയോ ഡി ജനീറോ: കോവിഡ് വാക്സിനെടുക്കുന്നത് എയ്ഡ്സ് ബാധക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് അലക്സാൻഡ്രെ ഡെ മൊറെയ്സാണ് പ്രസിഡണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
രാജ്യത്തെ കോവിഡ് പ്രതിരോധ രീതിയെ ചോദ്യം ചെയ്ത് സെനറ്റ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബോൽസൊനാരോ ഒൻപത് വീഴ്ചകൾ വരുത്തിയെന്ന് ഹരജിയിൽ ആരോപിക്കുന്നു.ഇത് സംബന്ധിച്ച് 1300 പേജുകളുള്ള ഒരു റിപ്പോർട്ടും ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ബ്രസീലിന്റെ പ്രോസിക്യൂട്ടർ ജനറലിന് കൈമാറിയിട്ടുണ്ട്.
സുപ്രീം കോടതിക്ക് സ്വന്തമായി അന്വേഷണം നടത്താനുള്ള വകുപ്പില്ലാത്തതിനാൽ പ്രോസിക്യൂട്ടർ ജനറലിനായിരിക്കും അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവിധ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകൾ വഴി നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റ് വേളയിൽ ആയിരുന്നു പ്രസിഡണ്ടിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ബൊൽസനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു.
Read Also: മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ് പരാജയമെന്നും വിമർശനം










































