തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ താളംതെറ്റി. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്ജന്മാരും പണിമുടക്കുകയാണ്. നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റി. സമരത്തിലുള്ള ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു.
മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം നടത്തുന്ന പിജി ഡോക്ടർമാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ഒപികളിൽ പകുതി ഡോക്ടർമാർ മാത്രമാണ് എത്തിയത്. തുടർന്ന് രാവിലെ മുതൽ ആശുപത്രിയിലെത്തിയ രോഗികൾ പലരും മടങ്ങി. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടക്കുക.
സമരത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയർ ഡോക്ടർമാരെ പുനർവിന്യസിച്ചു ബദൽ സംവിധാനം ഒരുക്കി. വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പുസമരം ആറാം ദിവസത്തിലേക്ക് കടന്നു.
Read Also: മോഫിയ കേസ്; കുറ്റപത്രം ഈ മാസം സമർപ്പിക്കും