മലപ്പുറം: തിരുവാലിയിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയാണ് കച്ചവട സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഇടിച്ചു തകർത്തത്. നിർത്തിയിട്ട മറ്റ് വാഹനങ്ങൾക്ക് നേരെയും യുവാവിന്റെ ആക്രമണം ഉണ്ടായി. തിരുവാലി എറിയാട് കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. എടവണ്ണ ഒതായി സ്വദേശി അബ്ദുൽ ഹക്കീമാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.
റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ യുവാവ് എടുത്ത് ഓടിക്കുകയും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറ്റി നാശനഷ്ടം വരുത്തുകയുമായിരുന്നു. പെട്രോൾ പമ്പിലും യുവാവിന്റെ ആക്രമണമുണ്ടായി. കൂടാതെ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളും അടിച്ചു തകർത്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
Most Read: സ്കൂളിലെ ശുചിമുറി മലിനമെന്ന് വിദ്യാർഥി; വൃത്തിയാക്കാൻ മന്ത്രി നേരിട്ടെത്തി







































