മലപ്പുറം: മഞ്ചേരി ഏറനാട് താലൂക്കിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. തൃക്കലങ്ങോട് ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി എന്നിവിടങ്ങളിലെ വീടുകൾ കയറിയാണ് ഏറനാട് താലൂക്ക് ഭക്ഷ്യവകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.
മുൻഗണന സബ്‌സിഡി റേഷൻ കാർഡുകൾ ഉപയോഗിച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. ഇരുനിലയുള്ള വലിയ വീടും വാഹനങ്ങളും ഉള്ളവർ അടക്കം മുൻഗണനാ കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രവാസി കുടുംബങ്ങൾ അടക്കം കാർഡുകൾ കൈവശം വെച്ചതും കണ്ടെത്തി.
പത്ത് എഎവൈ കാർഡ് (മഞ്ഞ കാർഡ്), 33 ബിപിഎൽ കാർഡ് (ചുവപ്പ്), 30 സബ്‌സിഡി കാർഡ് (നീല) എന്നിവയടക്കം 73 കാർഡുകളാണ് പിടിച്ചെടുത്തത്. അർഹതയില്ലാത്ത കാർഡുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ നടപടി എടുക്കാൻ സിവിൽ സപ്ളൈസ് ഓഫിസർ സിഎ വിനോദ് കുമാർ പറഞ്ഞു. പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.
Most Read: എൻഡോസൾഫാൻ; അമ്മമാർ വീണ്ടും സമരത്തിലേക്ക്- ദ്വിദിന സത്യാഗ്രഹം 25 മുതൽ