ഗുവാഹത്തി: അടുത്ത വർഷം ജനുവരി 15നകം നിലവിൽ തർക്കം നിലനിൽക്കുന്ന പന്ത്രണ്ടിൽ ആറ് ഇടങ്ങളിലെയും അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ അസം, മേഘാലയ സർക്കാരുകൾ സംയുക്തമായി തീരുമാനിച്ചു. താരതമ്യേന സങ്കീർണമല്ലാത്ത പ്രശ്നം മാത്രമുള്ള ഈ ആറ് മേഖലകളിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നത പരിഹരിക്കുന്നതിനായുള്ള നടപടികളാണ് ഇരു സർക്കാരുകളും ചേർന്ന് എടുത്തിരിക്കുന്നത്.
അടുത്ത വർഷം ജനുവരി 15നോ അതിനു മുൻപോ അസമിലെയും മേഘാലയയിലെയും പ്രാദേശിക കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇരു മുഖ്യമന്ത്രിമാരും അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. താരാബാരി, ഗിസാങ്, ഫഹാല, ബക്ലപാര, ഖാനപാര (പിലിംഗ്കട്ട), റാട്ടചെറ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രശ്ന പരിഹാരം ലക്ഷ്യമിടുന്ന ആറ് പ്രദേശങ്ങൾ.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും തമ്മിൽ ബുധനാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ കൊയ്നാധര സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ വച്ച് നടത്തിയ നിർണായക ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡിസംബർ 31ന് മുൻപ് പ്രാദേശിക കമ്മിറ്റികൾ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അന്തിമ തീരുമാനം.
Read Also: വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കും; എകെ ശശീന്ദ്രൻ








































