കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ ഖാദറിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
കാസർഗോഡ് നഗരത്തിലെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളാണ് മുഹമ്മദ് ഫാറൂഖും അബ്‌ദുൾ ഖാദറും ചേർന്ന് തട്ടിയെടുത്തത്. കർണാടകയിൽ വെച്ചാണ് മുഹമ്മദ് ഫാറൂഖ് പിടിയിലായത്. ഇയാൾ കർണാടകയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കർണാടകയിൽ എത്തിയ പോലീസ് സംഘം മുഹമ്മദ് ഫാറൂഖിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കാസർഗോഡ് കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് തീരുമാനം. ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദ് ഫാറൂഖിനെ അറസ്‌റ്റ് ചെയ്‌തത്.
Most Read: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു







































