ലഖ്‌നൗ: രാജ്യത്ത് ഒമൈക്രോൺ ഭീഷണിയുടെ വെളിച്ചത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളും രാഷ്‌ട്രീയ സമ്മേളനങ്ങളും നിരോധിക്കുന്നത് പരിഗണിക്കാനും രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ പാർട്ടികൾക്ക് ടിവിയിലൂടെയും പത്രങ്ങളിലൂടെയും പ്രചാരണം നടത്താമെന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതി അഭ്യർഥിച്ചു. “ഇത്രയും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് സൗജന്യ വാക്‌സിനേഷനായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ കോടതി പ്രശംസിക്കുന്നു. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കർശനമായ നടപടികൾ സ്വീകരിക്കാൻ കോടതി ഇപ്പോൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു,” അലഹബാദ് ഹൈക്കോടതി പറഞ്ഞു.
“ഇന്ന് വീണ്ടും, യുപി നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു, അതിനായി പാർട്ടികൾ റാലികളും യോഗങ്ങളും നടത്തുകയും ലക്ഷക്കണക്കിന് ജനങ്ങളെ കൂട്ടുകയും ചെയ്യുന്നു. ഈ പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കഴിയില്ല. ഇത് നിർത്തിയില്ലെങ്കിൽ, ഫലം രണ്ടാം തരംഗത്തേക്കാൾ ഭയാനകമായിരിക്കും. സാധ്യമെങ്കിൽ, ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കണം, കാരണം ജീവൻ ഉണ്ടെങ്കിലേ തിരഞ്ഞെടുപ്പ് റാലികൾ തുടരൂ,”- കോടതി പറഞ്ഞു.
Most Read: ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ്







































