കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന്റെ വീട്ടുകാർക്കെതിരെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. യുവതിയുടെ അമ്മയും അച്‌ഛനും ഉൾപ്പടെ ഏഴ് പേരെയാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത, അച്‌ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്‌റ്റിലായത്.
പ്രണയ വിവാഹത്തിന് പിന്തുണ നൽകിയ മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരെയാണ് ഇവർ ക്വട്ടേഷൻ നൽകിയത്. ആക്രമണത്തിൽ ബന്ധുവിന് വെട്ടേറ്റിരുന്നു. കയ്യാലത്തൊടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോവൂരിലെ ടെക്‌സ്‌റ്റൈൽസ് സ്‌ഥാപനം അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്ത് വെച്ചായിരുന്നു ആക്രമം.
റിനീഷ് അല്ലേയെന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്‌ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമണം ചെറുക്കൻ ശ്രമിച്ചപ്പോൾ റിനീഷിന്റെ കൈക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിനീഷിന്റെ തലയ്‌ക്ക് 21 തുന്നലുകളുണ്ട്.
Most Read: ഷാൻ വധക്കേസ്; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ






































