കോഴിക്കോട്: കൃഷ്‌ണപ്രിയയുടെ മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷ പ്രചാരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടക്കുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്ത്. നേരത്തെ നന്ദകുമാർ വീട്ടിൽ വന്ന ദിവസം പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്‌തത് ഇപ്പോൾ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുക ആണെന്നും ഇതിനെതിരെ പോലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും കൃഷ്‌ണപ്രിയയുടെ അച്‌ഛൻ മനോജ് പറഞ്ഞു.
ഡിസംബർ 17ന് രാവിലെയാണ് കോഴിക്കോട് തിക്കോടിയിൽ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നത്. തിക്കോടി സ്വദേശി കൃഷ്‌ണപ്രിയയാണ് (22) മരിച്ചത്. തുടർന്ന് ആത്‌മഹത്യക്ക് ശ്രമിച്ച യുവാവ് നന്ദകുമാറും പിന്നീട് മരിച്ചു. പ്രണയത്തിൽ നിന്നും കൃഷ്‌ണപ്രിയ പിന്തിരിഞ്ഞതാണ് കൊടുംക്രൂരതക്ക് കാരണമായതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. തിക്കോടി കാട്ടുവയൽ സ്വദേശി മനോജിന്റെ മകളാണ് കൃഷ്‌ണപ്രിയ.
17ന് രാവിലെ പൊള്ളലേറ്റ കൃഷ്‌ണപ്രിയ വൈകിട്ടോടെയാണ് മരിച്ചത്. തൊട്ടടുത്ത ദിവസം പുലർച്ചെയാണ് നന്ദകുമാറും മരിച്ചത്. കൃഷ്‌ണപ്രിയയുടെ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കൃഷ്‌ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫിസിൽ താൽക്കാലിക ജോലിക്ക് കയറിയത്. നന്ദകുമാർ പള്ളിത്താഴം സ്വദേശിയാണ്.
Most Read: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ







































