ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,531 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 7,141 പേർ രോഗമുക്‌തി നേടിയപ്പോൾ 315 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 75,841 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.40% ആണ് രോഗമുക്‌തി നിരക്ക്. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 4,79,997 പേർക്കാണ്.
അതേസമയം രാജ്യത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണവും കൂടുകയാണ്. ഇതുവരെ 578 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. 142 കേസുകളാണ് ഇതുവരെ രാജ്യ തലസ്‌ഥാനത്ത് സ്‌ഥിരീകരിച്ചത്. 141 കേസുകളുള്ള മഹാരാഷ്‌ട്രയാണ് തൊട്ടുപിന്നിൽ.
മധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ഞായറാഴ്‌ച ആദ്യ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തു.
കേരളത്തിൽ ഇതുവരെ 57 ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ ദിവസം 1,824 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 38,929 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 3,364 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 16 പേർക്കുമാണ്.
Most Read: കിഴക്കമ്പലം ആക്രമണം; അറസ്‌റ്റിൽ ആയവരുടെ എണ്ണം 50 ആയി







































