തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാഷ്‍ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണ്. ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്. വിഷയത്തിൽ ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കൂടാതെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്‌തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്ന് ചെന്നിത്തല ചോദിച്ചു. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചോയെന്നും, സിന്റിക്കേറ്റിന്റെ പരിഗണനക്ക് വിടുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോയെന്ന് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വിസി നിയമന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് തെറ്റാണെന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞിരുന്നു. ഗുരുതരമായ സത്യപ്രതിജ്‌ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവിയൊഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റ് ചെയ്യാന്‍ അവസരമൊരുക്കുന്നു എന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Read also: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും