ചിറ്റാരിക്കൽ: ഈസ്‌റ്റ് എളേരി പഞ്ചായത്ത് വഴി വിതരണം ചെയ്‌ത മുട്ടക്കോഴികൾ വ്യാപകമായി ചത്തൊടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. കർഷകരുടെ വീടുകളിലെത്തി ചത്ത കോഴികളുടെ സാമ്പിളുകൾ ശേഖരിച്ച് ജില്ലാ ലാബിലേക്ക് പരിശോധനക്ക് അയച്ചു.
പഞ്ചായത്തിന്റെ നാല് വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌തത്. ഇവയാണ് വ്യാപകമായി ചത്തുപോയത്. വീടുകളിൽ വളർത്തിയിരുന്ന മറ്റ് കോഴികളിലേക്കും രോഗം പടരുകയും അവയിൽ പലതും ചത്തുപോയതായും കർഷകർ പറയുന്നു. തൃശ്ശൂരിലെ സ്വകാര്യ ഫാമിൽ നിന്ന് ഇവിടെയെത്തിച്ച കോഴികൾക്കാണ് രോഗം ബാധിച്ചതെന്ന് ആരോപിച്ച് കർഷകർ പഞ്ചായത്ത് ഭരണ സമിതിക്ക് പരാതി നൽകിയിരുന്നു.
ചത്ത കോഴികളെ പരിശോധനക്കായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ലോബോറട്ടറികളിൽ എത്തിക്കണമെന്ന് കർഷകർക്ക് നിർവഹണ ഉദ്യോഗസ്‌ഥൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ജില്ലാതല ഉദ്യോഗസ്‌ഥ സംഘം പരിശോധനക്കായി പഞ്ചായത്തിൽ എത്തിയത്. ചത്ത കോഴികൾക്ക് പകരം കോഴിക്കുഞ്ഞുങ്ങളെ നൽകണമെന്നും, സഹായധനം ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Most Read: പെരുമ്പാവൂരിൽ ഭാര്യക്കും മകൾക്കും നേരെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചു






































