വയനാട്: കേരള രഞ്‌ജി ക്രിക്കറ്റ് ടീം കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങളാണ് ക്യാംപിലുള്ളത്. ഡിസംബർ 30ന് വയനാട്ടിലെത്തിയ ടീം ഏഴുവരെ ഇവിടെ പരിശീലനം തുടരും.
മുൻപ് രഞ്‌ജി ട്രോഫി സെമിഫൈനൽ മൽസരങ്ങൾക്കുവരെ വേദിയായ കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ ഇക്കുറി മൽസരങ്ങളില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഡിയങ്ങളിൽ മാത്രമാണ് കളികളെല്ലാം നടക്കുന്നത്.
ആദ്യമൽസരത്തിൽ വിദർഭയുമായാണ് കേരളം ഏറ്റുമുട്ടുക. 13നാണ് മൽസരം. കേരളത്തിന്റെ കളികളെല്ലാം ഇക്കുറി ബെംഗളൂരുവിലാണ്. എട്ടിന് ടീം വയനാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് പോകും.
നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള സഞ്‌ജു സാംസൺ ബെംഗളൂരുവിൽവെച്ച് ടീമിനൊപ്പം ചേരാനാണ് സാധ്യത.
അതേസമയം ക്യാപ്റ്റൻ സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ വിഷ്‌ണു വിനോദ്, അസ്ഹറുദീൻ, സിജോമോൻ ജോസഫ് തുടങ്ങി കേരളത്തിന്റെ പ്രധാന താരങ്ങളെല്ലാം കൃഷ്‌ണഗിരിയിൽ എത്തിയിട്ടുണ്ട്.
Most Read: സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്







































