മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹമദാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്‌റ്റൺ ടീമിന്റെ മുഖ്യ ഉപദേഷ്‌ടാവാകും. മുൻ ഇംഗ്ളണ്ട് താരം വിക്രം സോളങ്കിയാണ് ക്രിക്കറ്റ് ഡയറക്‌ടർ. ബിസിസിഐയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസി ഇക്കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആശിഷ് നെഹ്റയും ഗാരി കേസ്‌റ്റണും മുൻപ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്റ ടീം ബൗളിംഗ് പരിശീലകനായിരുന്നപ്പോൾ കേസ്‌റ്റൺ മുഖ്യ പരിശീലകനായിരുന്നു. 2011 ഏകദിന ലോകകപ്പിൽ കേസ്‌റ്റൺ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ നെഹ്റ ടീമിൽ കളിച്ചിരുന്നു.
നേരത്തെ, ലക്‌നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്‌വെയുടെ മുൻ സൂപ്പർ താരം ആൻഡി ഫ്‌ളവറിനെ നിയമിച്ചിരുന്നു. പഞ്ചാബ് കിങ്സിന്റെ സഹ പരിശീലകനായിരുന്ന താരം കഴിഞ്ഞ മാസമാണ് സ്‌ഥാനമൊഴിഞ്ഞത്. ആൻഡി ഫ്‌ളവറിനൊപ്പം ന്യൂസിലൻഡിന്റെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ മുൻ പരിശീലകനുമായ ഡാനിയൽ വെട്ടോറിയെയും സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ വെട്ടോറിയെ മറികടന്ന് ഫ്ളവർ ടീം പരിശീലകനാവുകയായിരുന്നു.
Read Also: കോവിഡ് ഗുളിക വിപണിയിലേക്ക്; അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപ









































