കാസർഗോഡ്: ജില്ലയിലെ ആദ്യ ഒമൈക്രോൺ കേസ് ഇന്നലെ റിപ്പോർട് ചെയ്‌തതോടെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ സജ്‌ജീകരണങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ലൈനുകൾ വലിച്ച് സിലിണ്ടറുകൾ സ്‌ഥാപിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലും ഓക്‌സിജൻ ലൈനുകൾ വലിച്ചു.
കൂടാതെ, ടാറ്റാ കോവിഡ് ആശുപത്രിയിൽ 250 പേരെ പ്രവേശിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ എത്രയും പെട്ടെന്ന് വാക്‌സിനേഷൻ പൂർത്തിയാക്കാനും ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകി. വിദേശത്ത് നിന്ന് വന്ന മധൂർ സ്വദേശിക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഇല്ലാത്ത ഇദ്ദേഹത്തെ ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലാക്കി.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയിലാണ് ഇയാൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരത്തേക്ക് ജീനോമിക്‌സ് പരിശോധനക്ക് അയച്ച ആറ് സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. 20 സാമ്പിൾ കൂടി വരും ദിവസങ്ങളിൽ പരിശോധനക്ക് അയക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Most Read: കോവിഡ് വ്യാപനം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ






































