കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ കാൽനട യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അഷ്‌റഫിന്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന മകൻ ആദിലിനും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെ കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഫെറാരി’ ബസാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. മാവൂർ റോഡിലെ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് അമിത വേഗത്തിൽ വരികയായിരുന്ന ബസിലെ ഡ്രൈവറോട് പതുക്കെ പോയാൽ പോരേയെന്ന് അഷ്‌റഫ് പറഞ്ഞിരുന്നു. തുടർന്ന് ബസിലെ ക്ളീനർ അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
തുടർന്ന്, കെഎസ്ആർടിസി ബസ് ടെർമിനലിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിന് പിന്നിൽ ഇടിക്കുകയും നിർത്താതെ പോവുകയായിരുന്നുവെന്നാണ് അഷ്‌റഫ് നടക്കാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അഷ്‌റഫിന്റെ കാലിന് പൊട്ടലുണ്ട്. മകൻ ആദിലിന്റെ കാൽ വിരലുകൾക്കാണ് പരിക്ക്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി





































