തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗ സംഘം പാതിരാത്രി വീടുകളിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് പണവും സ്വർണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ ഷാനു എന്ന് വിളിക്കുന്ന ഗുണ്ടാ ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ നിരവധി വീടുകളിൽ സംഘം ഭീഷണി മുഴക്കിയതായി പോലീസ് പറയുന്നു.
ആയുധങ്ങളുമായാണ് സംഘം എത്തിയത്. അതിക്രമത്തിന് ഇരയായ രണ്ടുവീട്ടുകാർ മംഗലാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വീട്ടിൽ കയറി അമ്മയുടെയും കുഞ്ഞിന്റെയും കഴുത്തിൽ കൊത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. എന്നാൽ, ഈ വീട്ടുകാർ ഇതുവരെ പരാതി നൽകിയിട്ടില്ല.
കുറച്ചുനാൾ മുൻപ് പള്ളിപ്പുറത്തെ ഒരു മൊബൈൽ ഷോപ്പിൽ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്. ഇന്നലെ അതിക്രമം നടന്ന വീട്ടിലെ ആളുകളുമായി ഇയാൾക്ക് യാതൊരു വിധത്തിലുള്ള മുൻ വൈരാഗ്യങ്ങളുമില്ല. വീടുകളുടെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും ചെയ്തെന്ന് വീട്ടുകാരിൽ ഒരാൾ നൽകിയ പരാതിയിൽ പറയുന്നു.
നിരവധി വീടുകളിൽ എത്തി അതിക്രമം കാണിച്ചെങ്കിലും രണ്ടുവീട്ടുകാർ മാത്രമാണ് പോലീസിൽ പരാതി നൽകിയത്. മറ്റുള്ളവർ പരാതി നൽകാൻ തയ്യാറായിട്ടില്ല. അതിക്രമത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും കുട്ടികൾ ഉൾപ്പടെ ഭീതിയിലാണ്. പരാതി നൽകിയാൽ ഗുണ്ടാസംഘം വീണ്ടും എത്തുമോ എന്നാണ് വീട്ടുകാരുടെ ഭയം.
Also Read: വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി






































