കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലെ കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്. ട്രക്ക് ഡ്രൈവര്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. മണ്ണാര്‍ക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്.
കാര്‍ യാത്രക്കാരായ മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്‌ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മകന്‍ അരുണ്‍ (21), സുഹൃത്ത് കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അലി, ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന അന്‍വര്‍ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ഇളയമകന്‍ അഭിജിത്തിനെ എറണാകുളത്ത് പഠന സ്‌ഥലത്ത് എത്തിച്ച് തിരിച്ചുവരുമ്പോഴാണ് കൃഷ്‌ണന്‍കുട്ടിയും കുടുംബവും അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്ന് അതിവേഗത്തില്‍ തെറ്റായ വശത്തുകൂടെ വന്ന ലോറി എതിരേവന്ന കാറില്‍ ഇടിക്കുകയായിരുന്നു.
കാറിനെ വലിച്ചിഴച്ച് മുന്നോട്ടുപോയ ലോറി, ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും ഓട്ടോ ഭാഗികമായും തകര്‍ന്നു. ലോറിയുടെ ഡ്രൈവര്‍ സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടിക്കുകയായിരുന്നു. കാര്‍ ലോറിക്കടിയില്‍പ്പെട്ടതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
Read Also: ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ








































