കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. റോഡിന്റെ ചുമതല ഉണ്ടായിരുന്ന കെഎസ്‌ടിപി അസി.എഞ്ചിനിയർ പിഎസ് ആരതിയെ കണ്ണൂർ ഡിവിഷനിൽ നിന്ന് മൂവാറ്റുപുഴ ഡിവിഷനിലേക്ക് മാറ്റാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.
കലുങ്ക് നിർമാണ സ്‌ഥലത്ത് വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന കെഎസ്‌ടിപി പ്രോജക്‌ട് ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കരാറുകാരന് നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസും അന്വേഷണം നടത്തും. താമരശ്ശേരി-ചുങ്കം റോഡിൽ കഴിഞ്ഞ ബുധനാഴ്‌ച രാത്രി പത്ത് മണിക്കാണ് അപകടം നടന്നത്.
കല്ലുങ്കിനായി റോഡിന്റെ പകുതി ഭാഗം കുഴിച്ച നിലയിലായിരുന്നു. ഈ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരനായ ഏകരൂർ വള്ളിയോത്ത് കണ്ണോറക്കുഴിയിൽ അബ്‌ദുൽ റസാഖിന്റെ തുടയെല്ല് തകർന്നിരുന്നു. റോഡിന്റെ സമീപത്ത് മുന്നറിയിപ്പ് ബോർഡുകൾ ഒന്നുംതന്നെ സ്‌ഥാപിച്ചിരുന്നില്ല. അപകട സൂചനയായി ഒരു റിബൺ മാത്രമാണ് കെട്ടിയിരുന്നത്. രാത്രിയായതിനാൽ ഇത് കണ്ണിൽപ്പെടാതെ ബൈക്ക് യാത്രികൻ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം.
Most Read: കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ





































