കാസർഗോഡ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർഗോഡ് നഗരത്തിലെ ഗ്ളോബൽ ഇന്ത്യ എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. നീലേശ്വരം ഉപ്പിലിക്കൈയിലെ പി അരുൺ കുമാറാനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ 12.61 രൂപ തട്ടിയെടുത്ത് ജോലി നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കാസർഗോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൊയേഷ്യയിലെ വൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അരുൺ കുമാർ, സുഹൃത്തുക്കളായ സിനിത് കൃഷ്ണൻ, രാകേഷ്, രാജേഷ് എന്നിവരിൽ നിന്നായി മൊത്തം 12.61 ലക്ഷം രൂപ സ്ഥാപനം തട്ടിയെടുത്തതായാണ് പരാതി. അരുൺ കുമാരിൽ നിന്ന് മാത്രം 2021 ജൂലൈയിൽ പലതവണയായി 3.45 ലക്ഷം രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.
കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ രാജിനാണ് പണം കൈമാറിയതെന്നും ഇയാൾ ഇതേ പോലീസ് സ്റ്റേഷൻ പരിധിയിലെ താജുദ്ദീന് ഈ പണം ഏൽപ്പിച്ചെന്നാണ് പറയുന്നതെന്നും പരാതിക്കാർ വ്യക്തമാക്കുന്നു. അതേസമയം, സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണ്.
Most Read: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ; ഗതാഗതമന്ത്രി






































