ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയെ സംസ്‌ഥാന പോലീസ് ഡയറക്‌ടർ ജനറലായി (ഡിജിപി) നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്‌പൂർ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ചയെച്ചൊല്ലി പ്രതിരോധത്തിലായ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥൻ എസ് ചട്ടോപാധ്യായക്ക് പകരമാണ് ഭാവ്ര എത്തുന്നത്.
വെള്ളിയാഴ്‌ച, ചട്ടോപാധ്യായക്കും മറ്റ് 13 ഉദ്യോഗസ്‌ഥർക്കും പ്രധാനമന്ത്രിക്ക് ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. “പദവിയേറ്റ തീയതി മുതൽ കുറഞ്ഞത് രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി,” എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മാർച്ച് 31ന് വിരമിക്കാനിരിക്കെയാണ് ചട്ടോപാധ്യായയെ ഡിജിപി സ്‌ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ പുതിയ ഡിജിപിയെ നിയമിക്കാൻ ആഭ്യന്തര മന്ത്രി സുഖ്‌ജീന്ദർ രൺധാവക്കൊപ്പം മുഖ്യമന്ത്രി ചന്നിയും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അധികാരത്തിൽ വന്ന ചന്നി സർക്കാർ അതിന്റെ ഹ്രസ്വകാല കാലയളവിൽ നിയമിക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് ഭാവ്ര. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഭാവ്ര, സംസ്‌ഥാന ഇന്റലിജൻസ് മേധാവിയായിരുന്നു. നിയമനം ലഭിച്ച ഉടൻ തന്നെ ഭാവ്ര 47 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരെ സ്‌ഥലംമാറ്റി.
Most Read: ഉത്തരേന്ത്യ ഇനി തിരഞ്ഞെടുപ്പിലേക്ക്; തീയതികൾ പ്രഖ്യാപിച്ചു









































