തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന മൂലം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഡോക്‌ടർമാര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം ഉണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് ഇത്തരം തീരുമാനം എടുക്കുന്നത്.
സംസ്‌ഥാനത്ത് സ്‌ഥിതി രൂക്ഷമായി തുടരുന്നത് കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികൾക്ക് വീട്ടില്‍ ചികിൽസ നൽകാന്‍ തീരുമാനിച്ചിരുന്നു. എന്നിട്ടും ചികില്‍സക്കായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ ഇല്ലാത്ത രോഗികളെ മറ്റ് ആശുപത്രികളില്‍ ചികില്‍സിക്കാമെങ്കിലും എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഡോക്‌ടർമാര്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി സി യില്‍ ഉള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്തരത്തില്‍ ധാരാളം ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ വിദഗ്‌ദ ചികിൽസ ആവശ്യമുള്ള ആളുകള്‍ക്ക് അത് നൽകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മെഡിക്കല്‍ കോളേജ് ഡോക്‌ടർമാര്‍ അറിയിച്ചു.
ഒപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ മെഡിക്കല്‍ കോളേജിലെ ഒപി യില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഈ സാഹചര്യം ഒഴിവാക്കാനാണ് മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഇതര ചികില്‍സക്ക് നിയന്ത്രണം കൊണ്ട് വരണമെന്ന് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ വിദഗ്‌ദ ചികിൽസ ആവശ്യമായി വരുന്നവര്‍ക്ക് ചികിൽസ ഉറപ്പാക്കുമെന്നും അധികൃതര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കളമശേരി മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം നിയന്ത്രണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇനി മുതല്‍ സംസ്‌ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ കൂടി ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ ഡോക്‌ടർമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Read also : സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ







































