തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വില്ലനായി കൊവിഡ് 19. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 ആണ് കേരളത്തിൽ ഏറ്റവുമൊടുവിൽ റിപ്പോർട് ചെയ്‌തതെന്നാണ് വിവരം. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നതും.
ഒമൈക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്‌ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും ജെ എൻ 1 വകഭേദം ആണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആശങ്ക വർധിപ്പിച്ചും സംസ്‌ഥാനത്തും ഈ വകഭേദം സ്‌ഥിരീകരിച്ചത്.
രാജ്യത്ത് റിപ്പോർട് ചെയ്‌ത 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ സ്‌ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകൾ കേരളത്തിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. കൊവിഡ് വീണ്ടും വെല്ലുവിളി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് സംസ്‌ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നത്.
നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇൻഫ്ളുവൻസ വൈറസ് ബാധ സംശയിച്ചു ടെസ്‌റ്റ് ചെയ്‌ത് ഫ്‌ളൂ നെഗറ്റീവ് ആയവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഒക്‌ടോബർ, സെപ്‌തംബർ മാസങ്ങളിൽ ഇത് ഒരു ശതമാനം ആയിരുന്നു.
സംസ്‌ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്. വ്യാപന ശേഷി കൂടുതലായ ജെഎൻ 1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊവിഡ് പരിശോധന ഏറ്റവും കൂടുതൽ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 മുതൽ 1000 വരെ പരിശോധനകളാണ് നടക്കുന്നത്.
അതിനിടെ, സംസ്‌ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിരുന്നു. കോഴിക്കോടും കണ്ണൂരിലുമാണ് മരണങ്ങൾ റിപ്പോർട് ചെയ്‌തത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്‌ദുള്ള (88) എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൊവിഡ് സ്‌ഥിരീകരിച്ച മേഖലകളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Kauthukam| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്