കോട്ടയം: പ്രമുഖ ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് ആലപ്പി രംഗനാഥ്. പുരസ്‌കാരം അദ്ദേഹം സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ വൈകുന്നേരം ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
1973ൽ പിഎ തോമസിന്റെ ജീസസ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. പിന്നീട് 1984, 85, 86 എന്നിങ്ങനെ എല്ലാവർഷവും ഒരുപിടി ഗാനങ്ങളുമായി ആലപ്പി രംഗനാഥ് എന്ന അതുല്യ പ്രതിഭ മലയാളത്തിന് ആസ്വാദനത്തിന് പുതിയ തലങ്ങൾ സമ്മാനിച്ചു. തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 40 വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. ഇന്ന് കോട്ടയം നീണ്ടൂരിൽ അദ്ദേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങുകൾ നടക്കും.
Read Also: നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും







































