തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും.വടക്കാഞ്ചേരി ഭവന പദ്ധതിയിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട ലൈഫ്‌മിഷൻ അധികൃതരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കൂടാതെ, യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്‌തത് ശിവശങ്കറിന്റെ ഇടപെടലിലാണെന്ന മൊഴി കസ്‌റ്റംസിനും ലഭിച്ചിട്ടുണ്ട്. ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റും സംസ്ഥാന സർക്കാരും കത്തിടപാട് നടത്തിയിട്ടില്ലെന്ന് അന്നത്തെ സാമൂഹ്യ നീതി വകുപ്പ് ഡയറക്‌ടർ ആയിരുന്ന ടി.വി അനുപമ ഉൾപ്പെടെ മൊഴി നൽകിയതായാണ് സൂചന.
ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശ പ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്‌ത 17000 കിലോ ഈന്തപ്പഴം മുഴുവനായി വിതരണം ചെയ്‌തിട്ടില്ലെന്നും കസ്‌റ്റംസ് കണ്ടെത്തിയിരുന്നു.