കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ ബ്ളൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചാണ് ഇരുവരും മയക്കുമരുന്ന് കടത്തിയത്. 55 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉത്തരമേഖലാ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിൾ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഉത്തര മേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ഇതിന് മുമ്പും ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.
Most Read: കോവിഡ് ബാധിച്ച് ബാലൻ മരിച്ച സംഭവം; കോട്ടത്തറ ആശുപത്രിക്കെതിരെ കുടുംബം





































