പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി കുടുംബം. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് എതിരെയാണ് കുടുംബം രംഗത്തെത്തിയത്. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്. കടുത്ത പനി ഉണ്ടായിട്ടും കുട്ടിയെ കിടത്തി ചികിൽസിക്കാതെ മടക്കി അയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇന്നലെ പുലർച്ചെയാണ് സ്വാദിഷ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ ചൊവ്വാഴ്‌ച അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം കാണിച്ചിരുന്നു. പനി കുറയാത്തതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാൽ കോവിഡ് പരിശോധന നടത്താതെ മരുന്ന് നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും കുട്ടി അവശനായതോടെ മാതാപിതാക്കൾ കിടത്തി ചികിൽസ ആവശ്യപ്പെട്ടു.
എന്നാൽ, ഇതവഗണിച്ച് നിർബന്ധിച്ച് തിരികെ അയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നത്. കുട്ടിയെ മൂന്ന് മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് മടക്കി അയച്ചത്. ചുമ ഒഴികെ മറ്റ് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. അടുത്ത ദിവസം ശിശുരോഗ വിദഗ്‌ധനെ കാണിക്കണമെന്നും അറിയിച്ചിരുന്നു. ചെറിയ കുട്ടി ആയതുകൊണ്ടാണ് കോവിഡ് ടെസ്‌റ്റ് നടത്താതിരുന്നതെന്നും സൂപ്രണ്ട് അബ്‌ദുൾ റഹ്‌മാൻ വിശദീകരിച്ചു.
Most Read: ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്