ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്പെൻഷൻ എന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പ്രസ്താവന.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവ്വം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായതായി പ്രസ്താവനയിൽ പറയുന്നു.
പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്.
Also Read: ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി








































