കാസർഗോഡ്: മടക്കര-കയ്യൂർ ചെമ്പ്രങ്ങാനം റോഡുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കോട്ടപ്പുറം പാലം വഴി അപകടകരമായ രീതിയിൽ വലിയ ലോഡുമായി വാഹനങ്ങൾ കടന്നുപോകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയത്. വലിയ ലോഡുമായി എത്തിയ നിരവധി വാഹനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു.
ചെറുവത്തൂർ ചെക്ക്പോസ്‌റ്റിലെ പരിശോധന ഒഴിവാക്കാൻ മരത്തടി കയറ്റി പോകുന്ന ലോറികളും മറ്റു വാഹനങ്ങളും അപകടം വരുത്തുന്ന തരത്തിലാണ് കോട്ടപ്പുറം പാലം വഴി കടന്നുപോകുന്നത്. ഇത് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഡേവിഡിന്റെ നിർദ്ദേശ പ്രകാരം എംവിഐ ചന്ദ്രകുമാർ, എഎംവിഐ പിവി വിജേഷ്, എം സുധീഷ്, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ആറ് വാഹനങ്ങൾക്ക് ഇ-ചലാൻ വഴി 91,500 രൂപ പിഴ ഈടാക്കി.
Most Read: കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ






































