മുംബൈ: സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയല്ലെന്നും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അറിയിച്ച് അണ്ണാ ഹസാരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തയച്ചു.
ഇക്കാര്യം സംബന്ധിച്ച് ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു എന്നും എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹസാരെ പറഞ്ഞു.
‘മുന്നറിയിപ്പ് നല്‍കി കൊണ്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു. എന്നാല്‍ സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍പന അനുവദിച്ച സർക്കാർ തീരുമാനം നിര്‍ഭാഗ്യകരവും ഭാവിതലമുറക്ക് അപകടകരവുമാണ്. വിഷയത്തിൽ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക് പോകാനാണ് എന്റെ തീരുമാനം. അത് ഞാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെയും മറ്റ് രണ്ട് സംഘടനകളുടെയും വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെയാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍ക്കാനുള്ള സർക്കാർ തീരുമാനം. കടയുടെ പരിസരം, ദൂരപരിധി എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വിവിധ വ്യവസ്‌ഥകള്‍ അപേക്ഷകന്‍ പാലിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്ന് എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി.
Read also: സ്വർണ്ണക്കടത്ത് വിവാദം; മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി