തൃശൂർ: പുതുക്കാട് സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 8 മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻജിനും ഒരു വാഗണുമാണ് ഇനി നീക്കാനുള്ളത്.
ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ഗുരുവായൂർ– എറണാകുളം എക്സ്പ്രസ്, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി. കൂടാതെ ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്തു നിന്നും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നും സർവീസ് തുടങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഇന്നലെയാണ് പുതുക്കാട് സ്റ്റേഷന് സമീപത്ത് വച്ച് പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും, 5 വാഗണുകളും പാളം തെറ്റിയത്. അപകടത്തിന് പിന്നാലെ പടിഞ്ഞാറേ പാതയിലൂടെ ഇരുവശത്തേക്കും ട്രെയിനുകൾ കടത്തിവിട്ടു. അപകടത്തിൽ 100 മീറ്ററോളം പാതയ്ക്ക് കേടു പറ്റിയിട്ടുണ്ട്.
Read also: കരിപ്പൂര് സ്വർണകവർച്ച; മുഖ്യപ്രതി അറസ്റ്റിൽ







































