ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

By News Desk, Malabar News
Rock Crusher Accident Kannur
Representational Image
Ajwa Travels

ഇരിട്ടി: വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ പാറ താഴേക്ക് വീണതെന്ന് തൊഴിലാളികൾ പറയുന്നു.

തൊഴിലാളിയായ രതീഷിന്റെ ദേഹത്തേക്ക് നേരിട്ട് പാറ പതിക്കുകയായിരുന്നു. രതീഷ് തൽക്ഷണം മരിച്ചു. ഇത്രയും ഉയരത്തിൽ നിന്ന് പതിച്ചിട്ടും പാറ വിവിധ കഷ്‌ണങ്ങളായി ചിന്നി ചിതറാഞ്ഞത് ദുരന്തത്തിന്റെ തീവ്രത കുറച്ചു.

ബ്‌ളോക്ക് റോക്ക് ക്രഷറിന്റെ അധീനതയിലുള്ള 24 ഏക്കറിലാണ് പാറ പൊട്ടിക്കുന്നതിന് ലൈസൻസ് അനുവദിച്ചത്. മേഖലയിൽ രണ്ട് കരിങ്കൽ ക്വാറികൾക്കാണ് പാറ ഖനനത്തിനുള്ള അനുമതിയുള്ളത്. കർണാടക വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസം കുറഞ്ഞ പ്രദേശമാണിത്. മേഖലയിൽ വലിയ മൂന്ന് ക്വാറികൾ ഉണ്ടായിരുന്നെങ്കിലും രണ്ടെണ്ണത്തിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.

മൂന്ന് തട്ടുകളായിട്ടാണ് ക്വാറിയിൽ ഖനനം നടത്തുന്നത്. അപകടമുണ്ടായ ക്വാറിയിൽ സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നത് ഉപകരാർ നൽകിയാണ്. മരിച്ച രതീഷ് വർഷങ്ങളായി ക്വാറിയിലെ തൊഴിലാളിയാണ്. കുടുംബത്തിന്റെ ഒരേയൊരു താങ്ങ് രതീഷായിരുന്നു. രോഗിയായ അമ്മയും രണ്ട് സഹോദരിമാരും രതീഷിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.

നേരത്തെ നിരവധി ക്വാറികൾ പ്രദേശത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ ഇത്തരം ക്വാറികളെല്ലാം പൂട്ടി. പുതിയ ക്വാറികൾ അനുവദിക്കുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കൂടുതൽ പ്രദേശത്തേക്ക് ക്വാറിയുടെ വ്യാപ്‌തി വർധിപ്പിക്കുന്നതിനായി മേൽമണ്ണ് നീക്കുന്നതിനിടെയാണ് മുകളിലെ കൂറ്റൻ പാറ ഇളകി താഴേക്ക് പതിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

സംഭവം പോലീസ് വിശദമായി അന്വേഷിക്കും. പാറമട ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE